മുംബൈ- മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി മുൻമന്ത്രി ജിതേന്ദ്ര അവ്ഹാദിനെ നിശ്ചയിച്ച് എന്‍.സി.പി. നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ കൂറുമാറി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് എന്‍.സി,പി പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത്.
നാളുകളായി എന്‍സിപിയില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് അജിത്ത് പവാറിനെ എന്‍ഡിഎ ക്യാമ്പില്‍ എത്തിച്ചത്. ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയതിന് പിന്നാലെ, തനിക്ക് പാര്‍ട്ടി പദവി വേണമെന്നും പ്രതിപക്ഷനേതൃ സ്ഥാനം ആവശ്യമില്ലെന്നും പറഞ്ഞ് അജിത് പവാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ശരദ് പവാര്‍, അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലേക്ക് കൂറുമാറിയത്.
എന്‍സിപിക്ക് ആകെയുള്ള 53 എംഎല്‍എമാരില്‍ 30 എംഎല്‍എമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.