ബംഗളൂരു- മുംബൈയില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന 39 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കബളിപ്പിച്ച് 33.3 ലക്ഷം രൂപ തട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന് മുഴുവന്‍ പണവും കവര്‍ന്നതെന്ന് എഞ്ചിനീയര്‍ ദിനേശ് പഥക് സൗത്ത് ഈസ്റ്റ് സൈബര്‍ ക്രൈം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തന്റെ മൊബൈലില്‍ ഒരു കോള്‍ വന്നെന്നും ഫെഡ്എക്‌സ് ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവാണെന്നാണ് വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തിയതെന്നും ദിനേശ് പരാതിയില്‍ പറഞ്ഞു.
പാസ്‌പോര്‍ട്ട്, സിന്തറ്റിക് ഡ്രഗ്‌സ്, ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകള്‍ എന്നിവ അടങ്ങിയ അടങ്ങിയ ഒരു പാഴ്‌സല്‍ നിങ്ങളുടെ ആധാര്‍ വിലാസത്തില്‍ എത്തിയിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധവും കള്ളപ്പണം വെളുപ്പിക്കലും ആയതിനാല്‍ മുംബൈ പോലീസിനെ സമീപിച്ചിരിക്കയാണെന്നുമാണ് വിളിച്ചയാള്‍ അറിയിച്ചത്.
ദിനേശ് ഇതിന്റെ വിശദാംശങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭാഷണത്തില്‍ ചേര്‍ന്ന മറ്റൊരാള്‍ സ്‌കൈപ്പിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് മുംബൈ പോലീസില്‍ നിന്നുള്ള ഡിസിപി എന്ന പേരില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.
ഇതിനോട് സഹകരിച്ച ദിനേശ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു, തുടര്‍ന്ന് വെരിഫിക്കേഷനുവേണ്ടി പണം ഓണ്‍ലൈനായി ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറ്റം ചെയ്ത പണം തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും പരാതിയില്‍ പറയുന്നു.
അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. മുഴുവന്‍ സമ്പാദ്യവും അക്കൗണ്ടില്‍ നിന്ന് മാറ്റിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് അവരെ സമീപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.