കാണ്‍പൂര്‍- ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റോഡില്‍ പെരുന്നാള്‍ നമസ്‌കരിച്ചതിന് 40 പേര്‍ക്കെതിരെ കേസ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഈദുല്‍ അദ്ഹയോടനുബന്ധിച്ച് തെരുവില്‍ നമസ്‌കരിച്ചുവെന്ന് ആരോപിച്ചാണ് 40 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി പോലീസ് ഫോട്ടോഗ്രാഫുകളും വീഡിയോകളും പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണ്‍പൂരിലെ ജജ്മൗ ഏരിയയിലെ ഈദ്ഗാഹ് മസ്ജിദില്‍ വൈകിയെത്തിയ ഇവര്‍ റോഡില്‍ നമസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ അനുസരിച്ച് 40 അജ്ഞാതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി കാണ്‍പൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബ്രജ്‌നാരായണ് സിംഗിനെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് (the newindian express) റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് കാണ്‍പൂരിലെ ഈദ്ഗാഹിന് പുറത്തുള്ള റോഡില്‍ അനുവാദമില്ലാതെ നമസ്‌കരിച്ചതിന് 2,000 ത്തിലധികം പേര്‍ക്കെതിരെ മൂന്ന് എഫ്‌ഐആറുകളില്‍ കേസെടുത്തിരുന്നു.