കോഴിക്കോട് - ഏക സിവില്‍ കോഡിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനായി എല്ലാ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ യോജിക്കുന്ന എല്ലാവരുമായും സമസ്ത സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു നിയമം കൊണ്ട് വരുമ്പോള്‍ മുസ്‌ലീംകള്‍ക്ക് മാത്രമല്ല ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. വിവാഹവുമായി ബന്ധപ്പെട്ടൊക്കെ മതപരമായ നിയമങ്ങള്‍ ഉണ്ട്. വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവ മത നിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍ കോഡ് ഇതിന് എതിരാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണം. ഇതിനായി എല്ലാവരുമായും ചര്‍ച്ച നടത്തും. സമസ്ത വ്യവസ്ഥകള്‍ അനുസരിച്ചു കാന്തപുരം വിഭാഗവുമായി യോജിക്കാന്‍ തയ്യാറാണ്. സുന്നി ഐക്യത്തിന് ആര് മധ്യസ്ഥ ചര്‍ച്ചക്ക് മുന്‍കൈ എടുത്താലും സമസ്ത തയ്യാറാണ്. മധ്യസ്ഥന്‍ ഇല്ലാതെയും ചര്‍ച്ച ആകാമെന്ന് അദ്ദേഹം പറഞ്ഞു.