ന്യൂദല്‍ഹി - കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ഹൈബി ഈഡന് എം പി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്ന് ശശി തരൂര്‍ എം പി. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. തലസ്ഥാനം നടുക്കാകണമെന്നില്ലെന്നും ഹൈബിയുടെ ലോജിക് ആണെങ്കില്‍ ദില്ലി അല്ല, നാഗ്പൂര്‍ ആണ് രാജ്യത്തിന്റെ തലസ്ഥാനമാകേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു. ചരിത്രം ഉള്‍പ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നത്. അതേസമയം സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടിയതില്‍ കൗശലമുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി. താന്‍ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയില്ല. അതേസമയം തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടുകയും ചെയ്തു. ഇത് കേന്ദ്ര സര്‍ക്കാറിന്റെ കൗശലത്തിന്റെ ഭാഗമാണെന്നും ശശി തരൂര്‍ പറഞ്ഞു.