Sorry, you need to enable JavaScript to visit this website.

തോക്ക് കണ്ടെടുക്കാനായിട്ടില്ല; ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

(അംബാല) ഹരിയാന - ഭീം ആർമി നേതാവും പൗരാവകാശ പ്രവർത്തകനുമായ ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽനിന്നാണ് പ്രതികൾ പോലീസ് വലയിലായത്. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരും മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയുമാണെന്ന് പോലീസ് പറഞ്ഞു.
  ഇവർ സഞ്ചരിച്ച വാഹനമടക്കം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് യു.പി പോലീസ് പറഞ്ഞു. എന്നാൽ ഇവരിൽനിന്ന് തോക്ക് ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല.
 യു.പിയിലെ സഹാറൻപൂരിൽ ഇളയ സഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഞ്ചരിക്കവേയാണ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റത്.  ഹരിയാന രജിസ്‌ട്രേഷൻ കാറിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറി. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകൾ തകത്തു. മറ്റൊരു വെടിയുണ്ട സീറ്റിലും തുളഞ്ഞുകയറി. ആസാദിന്റെ ഇടുപ്പിലാണ് വെടിയേറ്റത്. ചികിത്സക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. വളരെ ബോധപൂർവ്വം ചന്ദ്രശേഖർ ആസാദിന്റെ ജീവൻ എടുക്കാനാണ് അക്രമികൾ ശ്രമിച്ചതെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണുണ്ടായത്. കേന്ദ്ര സർക്കാറിന്റെ പൗരത്വ ധ്വംസനം ഉൾപ്പെടെയുള്ള തെറ്റായ ചെയ്തികൾക്കെതിരെ അതിരൂക്ഷമായ വിമർശവുമായി രംഗത്തിറങ്ങിയതിനാൽ ഭരണകൂടത്തിനും അവരെ പിന്തുണക്കുന്നവർക്കും ആസാദ് എന്നും കണ്ണിലെ കരടാണ്.

Latest News