ന്യൂദല്‍ഹി- ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്റ്റക്ക് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിമര്‍ശം. ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നു കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ജാമ്യം അനുവദിച്ച വിഷയത്തില്‍ ഒരു ഹൈക്കോടതി കയറി ഇടപെടുന്നത് വളരെ തെറ്റായ നീക്കമാണെന്ന് ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീം കോടതി ടീസ്റ്റക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. പൂര്‍ണമായ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായാണ് ടീസ്റ്റ പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യം നല്‍കാതെ ഉടന്‍ കീഴടങ്ങനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്റ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് ടീസറ്റക്ക്് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
രാത്രി 9.15നു പ്രത്യേക സിറ്റിങ് നടത്തിയാണ് പരമോന്നത കോടതി ടീസ്റ്റക്ക് ജാമ്യം നല്‍കിയത്. ജസ്റ്റിസുമാരായ ബിആര്‍. ഗവായ്, എഎസ് ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര വാദം കേട്ടത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നതയുണ്ടായിരുന്നു. ടീസ്റ്റക്ക് ജാമ്യം നല്‍കണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെ ജാമ്യം തേടിയുള്ള ടീസ്റ്റയുടെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വാദങ്ങളാണ് സുപ്രീം കോടതിയില്‍ നടന്നത്. ഗുുജറത്തു സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. നേരത്തെ ആദ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ ടീസ്റ്റക്ക് കീഴടങ്ങാന്‍ ചൊവ്വാഴ്ച്ച വരെയെങ്കിലും സമയം നല്‍കണമായിരുന്നുവെന്ന് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാല്‍ നിരീക്ഷിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ ടീസ്റ്റ ഇടക്കാല ജാമ്യത്തിലായിരുന്നു. അതിനാല്‍ കീഴടങ്ങാന്‍ രണ്ടോ മൂന്നോ ദിവസം കൂടി അനുവദിച്ചിരുന്നുവെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ തനിക്കും ജസ്റ്റിസ് പികെ മിശ്രയ്ക്കും ഏകാഭിപ്രായം ഇല്ലാത്തതിനാല്‍ ഹര്‍ജി ഉയര്‍ന്ന ബെഞ്ചിലേക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.