ടോക്യോ- ഹോങ്കോംഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ജപ്പാനില്‍ പ്രശസ്തനായ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. ഹോങ്കോങില്‍ താമസിക്കാന്‍ അനുമതിയില്ലെന്നാണ് അധികൃതര്‍ പറഞ്ഞതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ വിശദമാക്കുന്നത്.
ഫ്രീലാന്‍സ് ജേണലിസ്റ്റ് യോഷിയാക്കി ഒഗാവയെയാണ് വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി ഒരു മണിക്കൂറോളം അഭിമുഖം നടത്തിയത്. തുടര്‍ന്ന് താമസത്തിന് അനുമതിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ജപ്പാനിലേക്ക് തിരിച്ചയക്കുകയായിരുന്നു.
പുതിയ അനുഭവം ഹോങ്കോങിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും നേരത്തെ ചിന്തിക്കാന്‍ പോലും പറ്റാത്തതാണ് ഇത്തരം കാര്യങ്ങളെന്നും 54കാരനായ ഒഗാവ പറഞ്ഞു. ഹോങ്കോങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ജപ്പാനെ അറിയിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടണ്ടെങ്കിലും എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുന്നതുപോലെയായിരുന്നില്ല അതെന്നും ടോക്കിയോയ്ക്കടുത്തുള്ള നരിറ്റ എയര്‍പോര്‍ട്ടില്‍ എത്തിയതിന് ശേഷം ഒഗാവ പറഞ്ഞു.
വലിയ വാര്‍ത്താ സ്ഥാപനത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ഫ്രീലാന്‍സ് ജേണലിസ്റ്റ് മാത്രമായിരുന്നിട്ടും പ്രവേശനം നിഷേധിച്ച് തിരിച്ചയച്ചത് ഹോങ്കോങ്ങിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനയാണിതെന്ന് താന്‍ കരുതുന്നതായി ജപ്പാന്‍- ഹോങ്കോംഗ് ഡെമോക്രസി അലയന്‍സ് വക്താവ് സാം യിപ്പിനെ ഉദ്ധരിച്ച് ദി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.