ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഉന്നാവൊയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗറിനെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സെംഗര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. തുടര്‍ന്ന് പലതവണ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറാകാത്തതിനെ തുടര്‍ന്ന് ഏപ്രിലില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് എം.എല്‍.എയുടെ പീഡനം ഏറെ ചര്‍ച്ചയായത്. നീതി തേടി പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ അറസ്റ്റിലാകുകയും തൊട്ടടുത്ത ദിവസം പോലീസ് കസ്്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തതോടെ എംഎല്‍എക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധമുയരുകയായിരുന്നു.
ഇതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ കേസ് സിബിഐക്കു വിടുകയും ഏപ്രില്‍ 17-ന് സെംഗര്‍ അറസ്റ്റിലാകുകയും ചെയ്തു. ജോലി തേടി ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ തന്നെ അദ്ദേഹം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിപ്പെട്ടത്. സെംഗറിനും സഹായിയായ സാഷി സിങിനുമെതിരെ പോക്‌സോ നിയമപ്രകാരം ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സെംഗറിന്റെ സഹോദരന്‍ ജയ്ദീപ് സിങും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റിലായത്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്.