ന്യൂദൽഹി- ജഡ്ജിമാർ വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് ആക്ടിവിസ്റ്റ് ടിസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി. സുപ്രീം കോടതിയിലെ രണ്ടു ജഡ്ജിമാർ വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. ഇതോടെ ടിസ്റ്റയുടെ ജാമ്യാപേക്ഷയിൽ മൂന്നംഗ ബെഞ്ച് വാദം കേൾക്കും.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിന്റെ എഫ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് ടീസ്റ്റയുടെ ജാമ്യം ഗുജറാത്ത് കോടതി റദ്ദാക്കിയത്. ഇതിനെതിരെ ടിസ്റ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് നടന്ന പ്രത്യേക സിറ്റിംഗിൽ സുപ്രീം കോടതിയിലെ ജഡ്ജിമാരായ ജസ്റ്റിസ് അഭയ് എസ് ഓകയും ജസ്റ്റിസ് പികെ മിശ്രയും ഭിന്നാഭിപ്രായം രേഖപ്പെടുത്തി.
'ഇടക്കാല സംരക്ഷണം നൽകുന്ന കാര്യത്തിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതിനാൽ വിഷയം വിശാല ബെഞ്ചിന് വിടാൻ ഞങ്ങൾ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുന്നു,' ജസ്റ്റിസുമാരായ അഭയ് എസ് ഓക്കയും പ്രശാന്ത് കുമാർ മിശ്രയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
തുടക്കത്തിൽ, കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ പോകുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഓക്ക, വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതിനാൽ, കീഴടങ്ങാൻ ടീസ്റ്റയ്ക്ക് കുറച്ച് സമയം നൽകാമായിരുന്നുവെന്ന് വാക്കാൽ നിരീക്ഷിച്ചു.