വാഷിംഗ്ടണ്‍- ഒരു ബില്യന്‍ ഡോളര്‍ ക്രെഡിറ്റ് ലൈന്‍ ഇന്ത്യ നീട്ടിയതിന് പിന്നാലെ ലോകബാങ്ക് ശ്രീലങ്കയ്ക്ക് 700 മില്യന്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചു.
ലോകബാങ്ക് അനുവദിക്കുന്ന ഫണ്ടിന്റെ 500 മില്യണ്‍ ബജറ്റ് പിന്തുണയ്ക്കും 200 മില്യണ്‍ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചവര്‍ക്കുള്ള ക്ഷേമ പിന്തുണയ്ക്കുമായാണ് നീക്കിവെക്കുക. ശ്രീലങ്കയെ വികസനത്തിലേക്കുള്ള പാതയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ലോകബാങ്കിന്റെ ശ്രീലങ്കന്‍ കണ്‍ട്രി ഡയറക്ടര്‍ ഫാരിസ് ഹദാദ് സെര്‍വോസ് പറഞ്ഞു.
ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിട്ടത്. രാജ്യത്തിന്റെ വിദേശനാണ്യം റെക്കോര്‍ഡ് താഴ്ചയിലേക്കാണ് കൂപ്പുകുത്തിയത്. ഐ. എം. എഫ്, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, മറ്റ് ബഹുമുഖ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് നാല് ബില്യണ്‍ ഡോളര്‍ വരെ അധിക ധനസഹായം കൊണ്ടുവരുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.
ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള ബോണ്ട് ഹോള്‍ഡര്‍മാരുമായും ഉഭയകക്ഷി കടക്കാരുമായും കടം പുനര്‍നിര്‍മ്മിക്കുന്നതിന് ശ്രീലങ്ക ഈ ആഴ്ച ആഭ്യന്തര കടം പുനഃക്രമീകരിക്കല്‍ പ്രോഗ്രാം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായത്തിന്റെ ഭാഗമായി 2024 വരെ ശ്രീലങ്കയ്ക്കായി ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ക്രെഡിറ്റ് ലൈന്‍ നീട്ടി.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ശ്രീലങ്ക ഉഭയകക്ഷി വായ്പക്കാര്‍ക്ക് 7.1 ബില്യണ്‍ ഡോളറാണ് കടപ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് മൂന്ന് ബില്യണ്‍ ഡോളറും പാരീസ് ക്ലബ്ബിന് 2.4 ബില്യണ്‍ ഡോളറും ഇന്ത്യയ്ക്ക് 1.6 ബില്യണ്‍ ഡോളറും രാജ്യം കടപ്പെട്ടിരിക്കുന്നു.