ബംഗളൂരു- ദോഹയില്‍നിന്ന് ബംഗളൂരുവിലേക്കുവന്ന വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഖത്തര്‍ പ്രവാസിയായ 51 കാരന്‍ അമ്മാവസായ് മുരുകേശന്‍ അറസ്റ്റിലായി.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്ത 13 കാരി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ശിവഗംഗ സിറ്റി സ്വദേശിയായ മുരുകേശന്‍ പിടിയിലായത്. പെണ്‍കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പിതാവ് പരാതിയില്‍ പറഞ്ഞത്.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്നയാളാണ് മുരുകേശന്‍.
വിമാനത്തില്‍ പെണ്‍കുട്ടി മുരുകേശന്റെ അരികിലാണ് ഇരുന്നിരുന്നത്. ഭക്ഷണമോ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് പ്രതി പെണ്‍കുട്ടിയുമായി സംഭാഷണം തുടങ്ങിയത്. തുടക്കത്തില്‍ സ്വാഭാവിക സംസാരമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ കരുതിയിരുന്നത്. എന്നാല്‍, മുരുകേശന്‍ പെണ്‍കുട്ടിയോട് സംസാരിക്കുന്നത് തുടരുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. സംഭവം കണ്ട അമ്മ ഭര്‍ത്താവിനോട് പറയുകയും ഉടന്‍ ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയുമായിരുന്നു.
വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം മുരുകേശനെ ജീവനക്കാര്‍ തടഞ്ഞുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പിതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.