ന്യൂദല്‍ഹി-ബുഹജനപ്രക്ഷോഭം തുടരുന്ന ഫ്രാന്‍സിലേക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിപ്പിച്ചത് വ്യാജ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ കലാപം 24 മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാന്‍ യോഗിയെ അയക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ്മുഖ്യമന്ത്രി യോഗിയുടെ ഓഫീസിന്റെ പ്രതികരണത്തോടെ വൈറലായിരുന്നു. യോഗിയെ ലോകം അംഗീകരിച്ചിരിക്കുന്നുവെന്നും യൂറോപ്യൻ ഡോക്ടർ അദ്ദേഹത്തെ ഫ്രാൻസിലേക്ക് വിളിച്ചുവെന്നുമാണ് ഇന്ത്യയിൽ സംഘ്പരിവാർ നേതാക്കളുടേയും പ്രവർത്തകരുടേയും സമൂഹ മാധ്യമങ്ങളിലെ ആഘോഷം.
മുതിര്‍ന്ന രാജ്യാന്തര ഹൃദ്രോഗ വിദഗ്ധനായ എന്‍.ജോണ്‍ കാമിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് യോഗിയെ വിളിക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ പേരില്‍ ഇന്ത്യക്കാരന്‍ ചെയ്തിരിക്കുന്ന വേലയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കണ്ടെത്തി.
യഥാര്‍ഥത്തിലുള്ള പ്രൊഫസര്‍ ജോണ്‍ കാം സേവനമനുഷ്ഠിച്ചിരുന്ന ലണ്ടനിലെ സെന്റ് ജോര്‍ജസ് ഹോസ്പറ്റലില്‍ ജോലി ചെയ്ത കാലം പോലും വ്യാജന്റെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുണ്ട്. യൂറോപ്യൻ ഡോക്ടറെന്ന് അവകാശപ്പെടുന്ന ഇയാളുടെ ട്വീറ്റുകളിൽ നിരവധി അക്ഷരത്തെറ്റുകളുമുണ്ട്. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ട്വിറ്ററില്‍ പൊങ്കാലയിട്ടതോടെ ഒരു പേരില്‍ രണ്ടുപേര്‍ ഉണ്ടായിക്കൂടേ എന്നാണ് യോഗിയെ വിളിച്ച ജോണ്‍ എന്‍.കാം ചോദിക്കുന്നത്. എന്‍.ജോണ്‍ കാം എന്ന ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ സ്ഥലം ഇന്ത്യയിലെ ന്യൂദല്‍ഹി എന്നാണ് ചേര്‍ത്തിട്ടുള്ളത്.
അള്‍ജീരിയന്‍ വംശജനായ 17 വയസ്സുകാരന്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു അഞ്ചു ദിവസമായി ഫ്രാന്‍സിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. പലയിടത്തും അക്രമസംഭവങ്ങളും അരങ്ങേറി. ഇതിനിടെയാണ് ഫ്രാന്‍സില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അവിടേയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റ് വന്നത്.
ട്വീറ്റിനോട് യു.പി മുഖ്യമന്ത്രി യോഗിയുടെ ഓഫിസ് തന്നെ പ്രതികരിച്ചതോടെ ഇന്ത്യയില്‍ ട്വീറ്റ് വൈറലായി. ധാരളം ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നു.
തീവ്രവാദം കലാപങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍, ലോകത്തിന്റെ ഏതു ഭാഗത്തും ക്രമസമാധാന നിലയും ക്രമസമാധാന പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോള്‍, ലോകം ആശ്വാസം തേടുകയും ഉത്തര്‍പ്രദേശില്‍ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ പരിവര്‍ത്തനത്തിനായി കൊതിക്കുകയും ചെയ്യുന്നു- ഇതാണ് യോഗി ആദിത്യനാഥിന്റെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി ഇതിനു പിന്നാലെ യോഗിയെ പ്രകീര്‍ത്തിച്ച് വിഡിയോ പുറത്തിറക്കി: 'ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന ഒരു കാലമുണ്ടായിരുന്നു, എല്ലായിടത്തും കലാപങ്ങളുണ്ടാകും. എന്നാല്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വരികയും കലാപകാരികളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും അവരുടെ വീടുകള്‍ക്കു മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കുകയും ചെയ്തതോടെ യുപിയില്‍ കലാപം പൂര്‍ണമായും അവസാനിച്ചു. ഇതിന്റെ പ്രതിധ്വനി ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കേള്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ഫ്രാന്‍സ് പോലൊരു രാജ്യത്ത് കലാപം നിയന്ത്രിക്കുന്നതിനു യോഗി മോഡല്‍ നിര്‍ദേശിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ക്രമസമാധാനപാലനത്തിനുള്ള ആഗോള അംഗീകാരമാണിത്-രാകേഷ് ത്രിപാഠി പറഞ്ഞു.