ന്യൂദല്‍ഹി- നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സ്മാരകമായ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കാട്ടുന്ന അലംഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന കേന്ദ്രമാണ്. താജ്് മഹല്‍ സംരക്ഷണത്തില്‍ നിങ്ങള്‍ കാട്ടുന്ന അലംഭാവം രാജ്യത്തിന് എത്രത്തോളം നഷ്ടം വരുത്തുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ടോ എന്നും ഇരു സര്‍ക്കാരുകളോടും സുപ്രീം കോടതി ചോദിച്ചു. താജ് സംരക്ഷണ പദ്ധതി സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ മറുപടിയില്‍ അതൃപ്തി അറിയിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. 'ഒന്നുകില്‍ താജ്മഹല്‍ അടച്ചു പൂട്ടുക. അല്ലെങ്കില്‍ പരിപാലിച്ച് സംരക്ഷിക്കുക. അതുമല്ലെങ്കില്‍ തല്ലിത്തകര്‍ക്കുക,' കോടതി പറഞ്ഞു. താജ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവഗണിച്ച് താജ് സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ യുപി സര്‍ക്കാരിനെതിരെ കോടതി തുറന്നടിച്ചു. താജ് മഹല്‍ സംരക്ഷണത്തിന് വ്യക്തമായ ഒരു പദ്ധതി തയാറാക്കാത്തതിന് യുപി സര്‍ക്കാരിനെ കോടതി ശകാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. താജ് പരിസരത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള കോടതി വിലക്ക് ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് താജ് ട്രപിസിയം സോണ്‍ ചെയര്‍മാനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗ്രയിലെ താജ് മഹല്‍ പരിസരത്ത് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന സ്രോതസ്സുകള്‍ കണ്ടെത്താനും അവ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രത്യേക സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
താജ്മഹല്‍ വേണ്ട വിധത്തില്‍ സംരക്ഷിച്ചാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നുവെന്നും പാരിസിലെ ഐഫല്‍ ടവര്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. 'ഒരു ടിവി ടവര്‍ പോലിരിക്കുന്ന പാരിസിലെ ഐഫല്‍ ടവര്‍ കാണാന്‍ 80 ദശലക്ഷം ആളുകളാണ് പോകുന്നത്. നമ്മുടെ താജ് അതിനേക്കാള്‍ മനോഹരമാണ്. ഇതു വേണ്ട വിധത്തില്‍ സംരക്ഷിച്ചിരുന്നെങ്കില്‍ വിദേശ നാണ്യ പ്രശ്‌നത്തിന് ഒരു പരിഹാരമാകുമായിരുന്നു,' ബെഞ്ച് നീരീക്ഷിച്ചു. ജൂലൈ 31-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.