ന്യൂദല്‍ഹി-ഒറീസ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വെ. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു. പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഈ മാസം 23 ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷന്‍സ്, സുരക്ഷ, സിഗ്‌നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്. ട്രാന്‍സ്ഫറുകള്‍ 'പതിവ് രീതി' അനുസരിച്ച് മാത്രമാണെന്ന വിശദീകരണത്തോടെയാണ് റെയില്‍വെ ഇവരെ മാറ്റിയത്.ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 292 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമണ്ടല്‍ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.