ബഗ്ദാദ്- സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെന്‍ട്രല്‍ മസ്ജിദിനു സമീപം ബലിപെരുന്നാള്‍ ദിവസം ഇരുനൂറോളം വരുന്ന വിശ്വാസികള്‍ക്കു മുന്നില്‍ വെച്ച് പോലീസ് സംരക്ഷണയില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച ഇറാഖി അഭയാര്‍ഥി സല്‍വാന്‍ മോമികയെ രാജ്യത്ത് പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഇറാഖ് ജുഡീഷ്യല്‍ അധികൃതര്‍ അറിയിച്ചു. സല്‍വാന്‍ മോമികയെ സ്വീഡനില്‍ നിന്ന് വിട്ടുകിട്ടാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇയാളെ ഇറാഖി പീനല്‍ കോഡ് നിയമത്തിലെ പതിനാലാം വകുപ്പ് അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും ഇറാഖ് ജുഡീഷ്യറി കൗണ്‍സില്‍ പ്രസിഡന്റ് ഫാഇഖ് സൈദാന്‍ പറഞ്ഞു. പ്രതിയെ വിട്ടുകിട്ടാനും രാജ്യത്തെ നിയമം അനുസരിച്ച് വിചാരണ ചെയ്യാനും കോടതിയുമായി ഏകോപനം നടത്തി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ജുഡീഷ്യറി കൗണ്‍സില്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
37 വയസ് പ്രായമുള്ള സല്‍വാന്‍ മോമിക രണ്ടു വര്‍ഷം മുമ്പാണ് സ്വീഡനില്‍ അഭയം തേടിയത്. വിശുദ്ധ ഖുര്‍ആനോടുള്ള ശത്രുതാപരമായ അഭിപ്രായം ഇയാള്‍ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഉത്തര ഇറാഖിലെ നീനവി പ്രവിശ്യാ നിവാസിയാണ് സല്‍മാന്‍ മോമികയെന്ന് പത്രപ്രവര്‍ത്തകന്‍ വലീദ് അല്‍മിഖ്ദാദി വെളിപ്പെടുത്തി. നിരീശ്വരവാദിയായ തീവ്രവാദി ലിബറലായ യുവാവ് സിറിയാക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകനും പ്രസിഡന്റുമാണ്. നീനവി പ്രദേശത്തെ ഭീകര സംഘടനയായ ഐ.എസില്‍ നിന്ന് മോചിപ്പിക്കാന്‍ രൂപീകരിച്ച ഹോക്‌സ് സിറിയാക്‌സ് ഫോഴ്‌സസ് എന്ന പേരുള്ള സായുധ വിഭാഗത്തിന്റെ കമാന്‍ഡറുമായിരുന്നു.
യുദ്ധക്കുറ്റങ്ങളുടെ പേരില്‍ 2017 ല്‍ സല്‍വാന്‍ മോമികയെ ഇറാഖ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്ന് ഇയാളെ പിന്നീട് വിട്ടയച്ചു. ഇതിനു ശേഷമാണ് സ്വീഡനില്‍ അഭയം തേടിയത്. നിലവില്‍ സ്വീഡനിലെ ഒരു വംശീയ പാര്‍ട്ടിയില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പ്രശസ്തിക്കു വേണ്ടി മാത്രമാണ് സല്‍വാന്‍ മോമിക ഖുര്‍ആന്‍ കോപ്പി കത്തിച്ചത്. പ്രത്യേകമായ ഏതെങ്കിലും ആശയമുണ്ടായിരുന്നെങ്കില്‍ അയാള്‍ ഇങ്ങിനെ ചെയ്യുമായിരുന്നില്ലെന്നും വലീദ് അല്‍മിഖ്ദാദി പറഞ്ഞു.