ദുബായ് - പാം ജുമൈറയില്‍ ഉല്ലാസ ബോട്ടില്‍ യാത്ര ചെയ്ത യു.എ.ഇ പൗരന്റെ കടലില്‍ വീണ അരക്കോടിയിലേറെ രൂപ (250,000 ദിര്‍ഹം) വില വരുന്ന ആഡംബര വാച്ച് ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധ സംഘം തപ്പിയെടുത്തു. യു.എ.ഇ പൗരന്റെ വാച്ചാണ് കടലാഴങ്ങളില്‍നിന്ന് പോലീസ് കണ്ടെത്തി തിരിച്ചുകൊടുത്തത്.
ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബായിലെ പാം ജുമൈറയില്‍നിന്ന് ഉല്ലാസബോട്ടില്‍ യാത്ര ആസ്വദിക്കുമ്പോഴായിരുന്നു വിലപിടിപ്പുള്ള റോളക്സ് വാച്ച് കടലില്‍ വീണത്. വാച്ചിന് 250,000 ദിര്‍ഹമായിരുന്നു വിലയെന്ന് ഹമീദ് ഫഹദ് പറഞ്ഞു. വെള്ളത്തിന്റെ ആഴം കണക്കിലെടുക്കുമ്പോള്‍, വാച്ച് കണ്ടെത്തുന്നത് അസാധ്യമാണെന്ന് അവര്‍ക്ക് തോന്നി. എന്നാല്‍ ഹമീദ് ഫഹദ് ഉടന്‍ തന്നെ ദുബായ് പോലീസില്‍ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കകം ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍ അവര്‍ അത് സമുദ്രത്തിന്റെ അടിയില്‍ കണ്ടെത്തുകയും ചെയ്തു. വാച്ചുമായി എത്തിയ പോലീസ് സംഘത്തെ കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.