Sorry, you need to enable JavaScript to visit this website.

അതീഖ് അഹമ്മദിന്റെ ഭൂമി പിടിച്ചെടുത്ത് ഫ്‌ളാറ്റ് നിർമ്മിച്ച് കൈമാറി

ലഖ്‌നൗ- പ്രയാഗ്രാജിൽ കൊല്ലപ്പെട്ട മുൻ എം.പിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ നിർമ്മിച്ച 76 ഫ്‌ളാറ്റുകൾ പാവങ്ങൾക്ക് കൈമാറിയതായി ഉത്തർ പ്രദേശ് സർക്കാർ അവകാശപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പ്രകാരം നിർമ്മിച്ച ഫ്‌ലാറ്റുകൾ കൈമാറാനുള്ള ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഫ്‌ളാറ്റുകൾ കൈമാറിയത്. ഗുണഭോക്താക്കൾക്ക് കൈമാറിയ ഫ്‌ളാറ്റുകളുടെ സ്ഥലത്ത് അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
നഗരത്തിലെ 226 വികസന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

2017-ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയോ വ്യവസായികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ ഭൂമി തട്ടിയെടുക്കാൻ കഴിയുമായിരുന്ന അതേ സംസ്ഥാനമാണിത്. പാവപ്പെട്ടവർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇപ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് വീടുകൾ പണിയുന്നത് അതേ ഭൂമിയിലാണ്. ഈ മാഫിയകളിൽ നിന്ന് പിടിച്ചെടുത്തു, ഇത് ഒരു വലിയ നേട്ടമാണ്- യോഗി പറഞ്ഞു.
ഗുണഭോക്താക്കൾക്ക് 41 ചതുരശ്ര മീറ്ററിൽ 3.5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഫ്‌ലാറ്റ് ലഭിക്കും. രണ്ട് മുറികളും അടുക്കളയും ടോയ്ലറ്റ് സൗകര്യങ്ങളുമുള്ള ഒരു ഫ്ളാറ്റിന് 6 ലക്ഷം രൂപയാണ് ചെലവ് വരുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

അലഹബാദ് മെഡിക്കൽ അസോസിയേഷന്റെ ഓഡിറ്റോറിയത്തിലാണ് ലോട്ടറി നറുക്കെടുത്തത്. 6,030 അപേക്ഷകരുടെ പരിശോധനയ്ക്ക് ശേഷം 1,590 പേർ ലോട്ടറിയിൽ പങ്കെടുക്കാൻ അർഹരായി.
 

Latest News