ഇംഫാല്‍ - പോലീസിന്റെ ആവശ്യത്തിന് വഴങ്ങി രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ രണ്ടാ ദിവസവും യാത്ര ഹെലികോപ്ടറിലാക്കി. മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഇന്നും സന്ദര്‍ശനം തുടരുകയാണ്. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് രാഹുല്‍ ഗാന്ധി ഇന്ന് ഹെലികോപ്റ്ററില്‍ ആദ്യം യാത്ര തിരിച്ചത്. റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കണമെന്ന് മണിപ്പൂര്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യാത്രയ്ക്ക് രാഹുല്‍ ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തത്. അതേസമയം രാഹുല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പുറമേ നിന്നുള്ളവര്‍ കാണുന്നത് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.