ന്യൂയോര്‍ക്ക്- മുന്‍വശത്തെ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം നോര്‍ത്ത് കരോലിനയില്‍ ഇടിച്ചിറക്കി. ബോയിംഗ് 717 വിമാനം അറ്റ്‌ലാന്റയില്‍ നിന്ന് പുറപ്പെട്ട് ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തെത്തിയപ്പോള്‍ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍ അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 96 യാത്രക്കാരും അഞ്ച് ജോലിക്കാരും ഉള്‍പ്പെടെ 104 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
നിരവധി തവണ വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ട ശേഷം മുന്‍വശത്തെ ലാന്‍ഡിംഗ് ഗിയറില്ലാതെ തന്നെ വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് കഴിഞ്ഞു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും വളരെ സുഗമമായാണ് ലാന്‍ഡിംഗ് നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു.
ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്നും വലിയ ശബ്ദമുണ്ടാകുമെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണ ലാന്‍ഡിംഗിനെക്കാള്‍ സുഗമമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.
വിമാനം മുന്‍വശത്തേക്ക് ചരിഞ്ഞിരിക്കുന്നതും അടിവശം റണ്‍വേയില്‍ സ്പര്‍ശിക്കുന്നതുമായി ട്വിറ്ററില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ കാണാം. ഡെല്‍റ്റ എയര്‍ലൈന്‍സ് ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്ന പ്രസ്താവന വെബ്‌സറ്റില്‍ പ്രസിദ്ധീകരിച്ചു.