ബറേലി, യു.പി- ഉത്തര്‍പ്രദേശില്‍ 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പോത്തിനെ കൊന്ന കേസില്‍ 83 കാരനായ കിടപ്പുരോഗിക്ക് അറസ്റ്റ് വാറണ്ട്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാഹനപകടത്തില്‍ പോത്ത് ചത്ത സംഭവത്തിലാണ് 83 കാരനും പക്ഷാഘാതം വന്ന് കിടപ്പു രോഗിയുമായ മുന്‍വറിനെതിരെ ബറേലിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബരാബങ്കി സ്വദേശിയായ മുന്‍വര്‍ അപകടം നടക്കുന്ന സമയത്ത് ബസ് ഡ്രൈവര്‍ ആയിരുന്നു.
1995 -ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലഖ്‌നൗവില്‍ നിന്ന് കൈസര്‍ ബാഗ് ഡിപ്പോയില്‍ നിന്ന് ബറേലി വഴി ഫരീദ്പൂരിലേക്ക് മുന്‍വര്‍ ബസ് ഓടിച്ച് പോകുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് മുന്‍വര്‍ പറയുന്നത് ഇങ്ങനെയാണ്, 'വാഹനം ഓടിച്ചു പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ ഓടിച്ചിരുന്ന ബസിന് മുന്‍പിലേക്ക് പോത്ത് ചാടിയത്. അപ്രതീക്ഷിതമായി നടന്നതാണെങ്കിലും അപ്പോള്‍ തന്നെ ബ്രേക്ക് ചവിട്ടി. പക്ഷേ, വാഹനം പോത്തിനെ ഇടിക്കുകയും അത് ചാവുകയും ചെയ്തു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഫരീദ്പൂര്‍ പോലീസ് സ്റ്റേഷനില്‍ അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആ കേസിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ജോലിയില്‍ നിന്നും വിരമിച്ച താനിപ്പോള്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുക'യാണെന്നുമാണ് മുന്‍വര്‍ പറയുന്നത്. തിങ്കളാഴ്ച ഫരീദ്പൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയ് പാലാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് വാറണ്ട് കാണിച്ചത്. വിവരമറിഞ്ഞ് തളര്‍ന്നു കിടക്കുന്ന മുന്‍വര്‍ പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാക്കാത്ത പക്ഷം അറസ്റ്റ് ചെയ്ത് കൊണ്ടുപോകേണ്ടി വരുമെന്ന് പോലീസ് ഇദ്ദേഹത്തെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.