Sorry, you need to enable JavaScript to visit this website.

ഹാജിമാർക്ക് ആശ്വാസമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ

മിനായിൽ നിന്ന് ഹറമിലേക്കുള്ള യാത്രക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്ന ഹാജിമാർ.
ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ ഇലക്ട്രിക് സ്‌കൂട്ടർ സേവനം സന്ദർശിക്കുന്നു. 

മിന - മിനാക്കും ഹറമിനുമിടയിലെ സഞ്ചാരത്തിന് പൊതുഗതാഗത അതോറിറ്റി ഏർപ്പെടുത്തിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഏറെ ആശ്വാസമാണെന്നും ഇത് മനോഹര അനുഭവം സമ്മാനിക്കുന്നതായും ഹജ് തീർഥാടകർ. നടക്കാൻ കഴിയാത്തവരെയും അവക വിഭാഗക്കാരെയും ഹജ് കർമങ്ങൾ നിർവഹിക്കാൻ ഇവ സഹായിക്കുന്നു. ഇവ ഏർപ്പെടുത്തിയ സൗദി ഗവൺമെന്റിന് തീർഥാടകർ നന്ദി പറഞ്ഞു. 
വരുംവർഷങ്ങളിൽ കൂടുതൽ വിപുലമായി ഇലക്ട്രിക് സ്‌കൂട്ടർ സേവനം തുടരണമെന്നാണ് പ്രത്യാശിക്കുന്നതെന്ന് ഒരു തീർഥാടകൻ പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറിൽ സഞ്ചരിച്ച് ഹജിന്റെ ഭാഗമായ കർമങ്ങൾ നിർവഹിക്കാൻ സാധിക്കുന്നതിൽ ഏറെ ആശ്വാസം തോന്നുന്നതായി ഈജിപ്ഷ്യൻ തീർഥാടക പറഞ്ഞു. പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കാൻ ഇലക്ട്രിക് സ്‌കൂട്ടറുകൾ തീർഥാടകരെ സഹായിക്കുന്നതായും ഇവർ പറഞ്ഞു. 
അതിനിടെ, ഇലക്ട്രിക് സ്‌കൂട്ടർ സേവനം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ സന്ദർശിച്ചു. മിനായിലെ കിദാന സ്റ്റേഷനിൽ നിന്ന് വിശുദ്ധ ഹറമിനു സമീപമുള്ള ബാബുഅലി സ്റ്റേഷനിലേക്കും തിരിച്ചുമുള്ള ഹാജിമാരുടെ യാത്രക്കാണ് പൊതുഗതാഗത അതോറിറ്റി ഇലക്ട്രിക് സ്‌കൂട്ടറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 
കഴിഞ്ഞ വർഷത്തെ ഹജിനാണ് ഈ സേവനം അതോറിറ്റി ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഇത്തവണ 1000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. സിംഗിൾ സീറ്റ്, ഡബിൾ സീറ്റ് അടക്കം വ്യത്യസ്ത ഇനങ്ങളിൽ പെട്ട സ്‌കൂട്ടറുകൾ ഹാജിമാരുടെ ഉപയോഗത്തിന് ലഭ്യമാണ്. 
തീർഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും യാത്ര എളുപ്പമാക്കാനുമാണ് ഇലക്ട്രിക് സ്‌കൂട്ടർ സേവനത്തിലൂടെ പൊതുഗതഗാത അതോറിറ്റി ലക്ഷ്യമിടുന്നത്. മിനാക്കും ഹറമിനുമിടയിലെ യാത്രാ സമയം കുറക്കാൻ സ്‌കൂട്ടറുകൾ ഹാജിമാരെ സഹായിക്കുന്നു. ഉപയോഗം എളുപ്പമാക്കാനും തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയും കാൽനട യാത്രക്കാരിൽ നിന്നും വാഹനങ്ങളിൽ നിന്നും തീർത്തും വേറിട്ട ട്രാക്കുകൾ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 
മിനായിലെ കിദാന സ്റ്റേഷനിൽ നിന്ന് ഹറമിനു സമീപത്തെ ബാബുഅലി സ്റ്റേഷനടുത്ത മഹ്ബസ് അൽജിന്ന് ടണൽ വരെ രണ്ടു കിലോമീറ്റർ ദൂരം സ്‌കൂട്ടറുകളിൽ താണ്ടാനാണ് തീർഥാടകർക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇരു ദിശകളിലേക്കുമായി രണ്ടു ട്രാക്കുകൾ ഇലക്ട്രിക് സ്‌കൂട്ടർ യാത്രികർക്ക് നീക്കിവെച്ചിരിക്കുന്നു. ശരിയാംവിധം സ്‌കൂട്ടറുകൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ഹാജിമാരെ ബോധവൽക്കരിക്കാൻ പൊതുഗതാഗത അതോറിറ്റി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

 

Latest News