ജിദ്ദ - മിനായിലെ കശാപ്പുശാലകളില്‍ നിന്ന് ശേഖരിച്ച ബലിമാംസം ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമങ്ങള്‍ ജിദ്ദ നഗരസഭ വിഫലമാക്കി. ഹുദ അല്‍ശാം റോഡും പഴയ മക്ക റോഡും വഴി ബലിമാംസം കടത്താനുള്ള ശ്രമങ്ങളാണ് നഗരസഭാധികൃതര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത്. ബലിപെരുന്നാള്‍ ദിവസം ഹുദ അല്‍ശാം റോഡ് വഴി ജിദ്ദയിലേക്ക് കടത്താന്‍ ശ്രമിച്ച 96 ആടുകളുടെ ഇറച്ചി ജിദ്ദ നഗരസഭക്കു കീഴിലെ ബുറൈമാന്‍ ബലദിയ സംഘങ്ങള്‍ ഈ റോഡില്‍ സ്ഥാപിച്ച ചെക്ക് പോയിന്റില്‍ വെച്ച് പിടികൂടി.
ബലിമാംസം കടത്താന്‍ ഉപയോഗിച്ച 16 വാഹനങ്ങള്‍ നഗരസഭാധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഹുദ അല്‍ശാം റോഡ് ചെക്ക് പോയിന്റില്‍ വെച്ച് ബലിപെരുന്നാള്‍ ദിവസത്തില്‍ നഗരസഭാ സംഘങ്ങള്‍ 1,860 വാഹനങ്ങള്‍ പരിശോധിച്ചു. നഗരസഭക്കു കീഴിലെ ഉമ്മുസലം ബലദിയ പഴയ മക്ക റോഡില്‍ സ്ഥാപിച്ച ചെക്ക് പോയിന്റില്‍ വെച്ച് 20 ആടുകളുടെ ഇറച്ചിയും പിടികൂടി. ഇവിടെ ആയിരത്തിലേറെ വാഹനങ്ങള്‍ പെരുന്നാള്‍ ദിവസത്തില്‍ പരിശോധിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെ നീക്കം ചെയ്തതിനാല്‍ ബലിമാംസം ഉപയോഗശൂന്യമായി മാറിയിരുന്നു.