ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 68 കാരന്‍ അറസ്റ്റില്‍. അച്ഛന്‍ മന്ത്രവാദം നടത്തുന്നുണ്ടോ എന്നറിയാന്‍ മകന്‍ വീട്ടില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ ബലാത്സംഗ ദൃശ്യം പതിഞ്ഞതായി പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വീഡിയോ പോലീസിനെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയും പ്രതിയുടെ മകന്‍ പകര്‍ത്തിയ വീഡിയോ കാണിക്കുകയും ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏപ്രില്‍ 20 നും 30 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്ന പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞിരുന്നില്ല. വീഡിയോ പിതാവ് കണ്ടപ്പോള്‍ മാത്രമാണ് പെണ്‍കുട്ടി സംഭവം തുറന്നു പറഞ്ഞത്.
പെണ്‍കുട്ടിയുടെ അയല്‍പക്കത്താണ് പ്രതിയും താമസിക്കുന്നത്. പലപ്പോഴും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും മതപരമായ യാത്രകളില്‍ അവരോടൊപ്പം പോകുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
സംഭവദിവസം വീടിന് പുറത്ത് തനിച്ചായിരുന്നപ്പോള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ആളൊഴിഞ്ഞ കോണിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതിയുടെ 40 കാരനായ മകന്‍ പിതാവ് കൂടോത്രം ചെയ്യുന്നുണ്ടെന്ന് സംശയിച്ചാണ് മുറിയില്‍ രഹസ്യമായി ഫോണ്‍ ക്യാമറ സ്ഥാപിച്ചത്.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഒരേ വീട്ടില്‍ താമസിക്കുന്ന മകനും പിതാവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
പ്രതിയെയും മകനെയും ചോദ്യം ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സാഗര്‍ സിംഗ് കല്‍സി പറഞ്ഞു.പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ പോക്‌സോ പ്രകാരവും കേസെടുത്തു.
അതേസമയം, വീഡിയോ പകര്‍ത്തി പെണ്‍കുട്ടിയുടെ പിതാവിന് നല്‍കിയതിന് പ്രതിയുടെ മകനെതിരെ നടപടിയെടുക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്ന് ഡിസിപി പറഞ്ഞു.
വീഡിയോ അയക്കാനും സ്വീകരിക്കാനും ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പ്രതിയുടെ മകന്റെ കുറ്റം തെളിയിക്കാന്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം പോലീസില്‍ അറിയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ഇരയുടെ കുടുംബത്തിന്റെ അയല്‍വാസിയായ നരേന്ദറിനെതിരെയും പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഭീഷണിക്കും ആക്രമണത്തിനും പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിസിപി അറിയിച്ചു.
ഇരയെ കൗണ്‍സിലിംഗ് നടത്തി വൈദ്യപരിശോധനക്ക് അയച്ചു. പെണ്‍കുട്ടിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) കൗണ്‍സിലിംഗ് സെഷന്‍ നടത്താന്‍ ന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് (സിഡബ്ല്യുസി) അഭ്യര്‍ത്ഥിച്ചതായി പോലീസ് പറഞ്ഞു.
ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം പെണ്‍കുട്ടിയുടെ മൊഴി ജഡ്ജി മുമ്പാകെ രേഖപ്പെടുത്തും. അന്വേഷണം നടക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും ഡിസിപി പറഞ്ഞു.