ചെന്നൈ - അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ സെന്തില്‍ ബാലാജിയെ പുറത്താക്കിയിരിക്കുന്നത്. ബാലാജിയെ പുറത്താക്കിയ ഗവര്‍ണറുടെ അസാധാരണ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതിന് പിന്നാലെ സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പും അഴിമതിയുമാണ് സെന്തില്‍ ബാലാജിക്കെതിരെ ഇ ഡി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. അറസ്റ്റ് ചെയ്ത അന്നു മുതല്‍ സെന്തില്‍ ബാലാജി റിമാന്‍ഡിലാണ്. ഇതോടെ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് മന്ത്രിയെ ഗവര്‍ണ്ണര്‍ പുറത്താക്കിയത്.