പട്ടാമ്പി- വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്ന സ്ത്രീയേയും പുരുഷനേയും മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കണയം ചെമ്മൻകുണ്ട് ലീല(55), കണയം ചരാപ്പറമ്പിൽ ശശികുമാർ(46) എന്നിവരുടെ മൃതദേഹങ്ങളാണ് പട്ടാമ്പി ഗ്രീൻപാർക്കിലെ വാടകവീട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. ലീലയുടെ ശരീരം നിലത്തും ശശികുമാറിന്റേത് സമീപത്ത് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. സ്തീയെ കൊലപ്പെടുത്തി പുരുഷൻ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ലീല വീട്ടുപണിക്ക് പോകുന്ന ആളായിരുന്നു. ശശികുമാർ കൂലിപ്പണിക്കാരനും. ലീലക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്.
രണ്ടു ദിവസമായി ഇരുവരേയും പുറത്തേക്ക് കാണാതിരുന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. വീടിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു. രണ്ടു പേർക്കും മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് രണ്ടു പേരേയും അവസാനമായി കണ്ടത്. ഷൊർണൂർ ഡിവൈ.എസ്.പി പി.സി.ഹരിദാസ് ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.