ന്യൂദല്‍ഹി - പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദല്‍ഹി സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം. നാളെ നടക്കാനിരിക്കുന്ന ദല്‍ഹി സര്‍വ്വകലാശാല ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്ന് സര്‍വ്വകലാശാലയക്കും അധികൃതരുടെ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ പരമാവധി വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ ക്ലാസുകളിലെ ഹാജര്‍ അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. പരിപാടിയില്‍ പങ്കെടുത്താല്‍ അഞ്ച് ദിവസത്തെ ഹാജര്‍ അധികമായി നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതിനായി തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.