ഇംഫാൽ- മണിപ്പൂരിലെ വംശീയ കലാപം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ ചുരാചന്ദ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞു. ഇന്ന് നേരത്തെ ഇംഫാലിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി, ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. വംശീയ കലാപത്തെ തുടർന്ന് കുടിയിറക്കപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ കാണാനായിരുന്നു പദ്ധതി.
സുരക്ഷാ കാരണങ്ങളാൽ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതായി പോലീസ് പറഞ്ഞു. റോഡ് മാർഗം ചുരാചന്ദ്പൂർ വരെ പോകാതെ ഹെലികോപ്റ്ററിൽ കയറാൻ രാഹുലിനോട് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
''ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു, അതിനാൽ മുൻകരുതൽ എന്ന നിലയിൽ ബിഷ്ണുപുരിൽ വാഹനവ്യൂഹം നിർത്താൻ അഭ്യർത്ഥിച്ചുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വർഷം മെയ് മാസത്തിൽ ആരംഭിച്ച വംശീയ കലാപത്തിൽ ഇരകളായി 50,000 ത്തോളം ആളുകൾ ഇപ്പോൾ സംസ്ഥാനത്തുടനീളമുള്ള 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. സംസ്ഥാന തലസ്ഥാനമായ ഇംഫാൽ താഴ്വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികളും കുന്നുകളിൽ സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവർഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 100-ലധികം ആളുകൾ മരിച്ചത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ ഇതിലും ഏറെയാണ്.