കൊച്ചി - കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മഅ്ദനിയുടെ രണ്ടു കിഡ്‌നികളും ഏതാണ്ട് പൂര്‍ണ്ണമായും തകറാലിലാണ്. രക്തസമ്മര്‍ദ്ദവും വളരെ ഉയര്‍ന്ന നിലയിലാണ്. ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ കൂടിയിട്ടുണ്ട്. സ്ഥിരമായി ഡയാലിസിസിന് വിധേയമാകേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ആരോഗ്യ സ്ഥിതി നീങ്ങുന്നത്. ഇതോടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അബ്ദുന്നാസര്‍ മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരുവില്‍ നിന്ന് പിതാവിനെ കാണാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് കേരളത്തില്‍ എത്താന്‍ അവസരം ലഭിച്ചത്. 12 ദിവസത്തേക്കാണ് സന്ദര്‍ശനാനുമതി. ബെംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മഅ്ദനിക്ക് അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. മഅ്ദനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി ഡി പി നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഅ്ദനിക്ക് കേരളത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള അനുമതിക്കായി നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന കാര്യവും ആലോചിക്കുന്നുണ്ട്.