Sorry, you need to enable JavaScript to visit this website.

പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള  തെരഞ്ഞെടുപ്പ് ജൂലൈ 24ന് 

ന്യൂദല്‍ഹി- ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 24ന് നടത്തും. ബംഗാളില്‍ ആറ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടക്കം മൂന്ന് പേരുടെ കാലാവധിയാണ് ആഗസ്റ്റ് എട്ടിന് പൂര്‍ത്തിയാകുന്നത്. ഗോവയില്‍ ഒരു സീറ്റിലേക്കാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്റിയന്‍, സുമിത് ദേവ്, ഡോളസെന്‍ കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യ എന്നിവരുടെ കാലാവധി ആഗസ്റ്റ് 18നും പൂര്‍ത്തിയാവും. 294 അംഗ ബംഗാള്‍ നിയമസഭയിലെ 220 സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളെ വിജയിപ്പിക്കാനാകും. നിലവില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി ടി.എം.സിയാണ്. തെരഞ്ഞടുപ്പ് കഴിഞ്ഞാലും ഈ പദവിക്ക് ഇളക്കം തട്ടില്ല.
അതേസമയം, 77 അംഗങ്ങളുള്ള ബി.ജെ.പിക്ക് ആദ്യമായി ഒരംഗത്തെ ബംഗാള്‍ വഴി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയും.രണ്ട് വട്ടം എം.പിയായ കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യയുടെ കാലാവധിയും കഴിയുകയാണ്. എന്നാല്‍ ബംഗാള്‍ നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസിന് അടുത്തകാലത്തൊന്നും ബംഗാളില്‍ നിന്ന് ഒരംഗത്തെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കഴിയില്ല.
ജൂലൈ ആറിന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 13 വരെയാണ്. 24ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഫലം പ്രഖ്യാപിക്കും.

Latest News