ബെംഗളൂരു-മുഖ്യമന്ത്രിയെ കൊച്ചാക്കിയുള്ള കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെച്ചൊല്ലി വിവാദം. കെംപെഗൗഡയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പരാമര്‍ശം.
'2017ല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള മന്ത്രി കെ.ജെ.ജോര്‍ജും നഗരത്തില്‍ സ്റ്റീല്‍ മേല്‍പ്പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ ഭയപ്പെട്ടിരുന്നു. ഞാനായിരുന്നെങ്കില്‍ പ്രതിഷേധക്കാരുടെ ബഹളങ്ങളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നു'- ഇതായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവകുമാറിന്റെ വാക്കുകള്‍.
കോണ്‍ഗ്രസിന്റെ ഗംഭീര വിജയത്തിനു പിന്നാലെ കര്‍ണാടകയുടെ മുഖ്യമന്ത്രി പദവിക്കായി സിദ്ധരാമയ്യയും ശിവകുമാറും കൊമ്പുകോര്‍ത്തിരുന്നു. സിദ്ധരാമയ്യ ഭയന്നിട്ടില്ലെന്നും പൊതുജനാഭിപ്രായം അതേവികാരത്തോടെ മാനിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ പ്രതികരിച്ചു. പരസ്പരം താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നും ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് സിദ്ധരാമയ്യയോടും ശിവകുമാറിനോടും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശിച്ചത്.