ലണ്ടന്‍- ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഉപയോഗിക്കുന്നത് മായ്ക്കാന്‍ കഴിയുന്ന മഷിയുള്ള പേനയാണെന്ന് വിവാദം. ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.
പൈലറ്റ് വി ഫൗണ്ടെന്‍ പേനകളാണ് ഋഷി സുനക് ഉപയോഗിക്കുന്നത്. 4.75 പൗണ്ടാണ് (495 രൂപ) പേനയുടെ വില. പ്രധാനമന്ത്രി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഈ പേന ഉപയോഗിക്കുന്നതിന്റെ നിരവധി ചിത്രങ്ങളുണ്ട്. ഋഷി സുനക് മന്ത്രിസഭയില്‍ ഈ പേന ഉപയോഗിക്കുന്നതിന്റെയും ഔദ്യോഗിക കത്തുകളില്‍ ഒപ്പിടാന്‍ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളുണ്ട്.
തെറ്റുവരുത്തുകയാണെങ്കിലും മായ്ച്ചുകളയാന്‍ പറ്റുമെന്നതാണ് പ്രത്യേകത. ഇതോടെ ഋഷി സുനക് ഒപ്പുവച്ച ഔദ്യോഗിക രേഖകളിലെ സുരക്ഷയെക്കുറിച്ച് ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മായ്ച്ചുകളയാന്‍ പറ്റുന്ന ഫീച്ചര്‍ പ്രധാനമന്ത്രി ഉപയോഗിച്ചിട്ടില്ലെന്നു ഋഷി സുനകിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള പേന പ്രധാനമന്ത്രി ഉപയോഗിക്കുന്നതിലൂടെ പൊതുജനത്തിന്റെ വിശ്വാസം നശിക്കുമെന്നാണു എതിര്‍പക്ഷം വാദിക്കുന്നു.