ന്യൂദൽഹി- കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിൽ ഉപമുഖ്യമന്ത്രിയായി ടി.എസ് സിംഗ് ദേവിനെ പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. വിശ്വസ്തനും സമർത്ഥനുമായ നേതാവാണ് സിംഗ് ദേവെന്നും സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. നിലവിൽ ആരോഗ്യമന്ത്രിയാണ് സിംഗ് ദേവ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് പുതിയ ഉപമുഖ്യമന്ത്രിയെ നിശ്ചയിച്ചത്. 2019-ലാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. ഭൂപേഷ് ബാഗലിനെയാണ് കോൺഗ്രസ് ഭരണം ഏൽപ്പിച്ചത്. രണ്ടര വർഷത്തിന് ശേഷം സിംഗിന് മുഖ്യമന്ത്രി പദം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.