പാലാ- അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ടെത്തി പോലീസ് സ്റ്റേഷനിലെത്തിച്ച ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ തേടി ഒടുവില്‍ ഉടമയെത്തി. പാലാ പോലീസിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിമാളുവിനെയാണ് ഉടമയെത്തി തിരികെ കൊണ്ടു പോയത്.
ചേര്‍പ്പുങ്കല്‍ സ്വദേശി അരുണ്‍ ആണ് നായക്കുട്ടിയുടെ ഉടമ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രണ്ട് ചെറുപ്പക്കാര്‍ നായയെ പാലാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് പാലാ പോലീസ് ചിത്രം സഹിതം ഉടമയെ തേടി അറിയിപ്പ് നല്കി. സ്റ്റേഷനിലുള്ള എല്ലാവരുമായും ഇണങ്ങിക്കഴിഞ്ഞ നായക്ക് പോലീസുകാരാണ് കുട്ടിമാളു എന്നു പേരിട്ടത്.
പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്ന് നിരവധി പേര് നായയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് സ്റ്റേഷനില്‍ എത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്.
രണ്ടു ദിവസത്തിനുള്ളില്‍ ഉടമസ്ഥന് എത്തിയില്ലെങ്കില്‍ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനാണ് തീരുമാനിച്ചതെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്ന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.