കോഴിക്കോട് - പുനർ വിവാഹം തേടുന്ന സ്ത്രീകളിൽ നിന്ന് പണം തട്ടുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് നംഷീർ (32) ആണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും മറ്റും കണ്ടെടുത്തു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ
പരാതിക്കാരിയെ ദുബായിൽ എഞ്ചിനീയറാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. മാട്രിമോണിയൽ സൈറ്റിൽ നിന്നു ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ്. വിദേശ മൊബൈൽ നമ്പറിൽ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോൺ കോൾ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം ചില കേസുകളിൽ നിന്നു ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തിൽ രണ്ടു വിവാഹങ്ങൾ കഴിച്ചതായും മറ്റു പലരുമായും ബന്ധപ്പെട്ടു വന്നിരുന്നതായും പോലീസ് പറഞ്ഞു.
പരിചയപ്പെടുന്ന യുവതികളുടെ മോശമായ വീഡിയോകളും ഫോട്ടോകളും വാട്സാപ്പ് വഴി ശേഖരിക്കുകയും ആയത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
വിദേശത്തുനിന്നും തിരികെ വന്ന് ബംഗളൂരുവിൽ പല സ്ഥലങ്ങളിൽ വ്യാജ വിലാസത്തിൽ താമസിച്ചു വരുകയായിരുന്നു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻമാരായ എ എസ് ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർമായ, രാജേഷ് ചാലിക്കര, ഫെബിൻ കെ ആർ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.