ജയ്പൂർ- ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടും ഇടയൻ വിൽക്കാൻ സമ്മതിക്കാത്ത ആട്ടിൻകുട്ടി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. വയറ്റിൽ 786 എന്ന അക്കം രേഖപ്പെടുത്തിയതിനാലാണ് ആളുകൾ ഒരു കോടി രൂപ വരെ നൽകി ആടിനെ വാങ്ങാൻ തയാറായതെന്ന് ഇന്ത്യാ ടുഡേ (india today) റിപ്പോർട്ടിൽ പറയുന്നു. ചുരു ജില്ലയിലെ താരാനഗറിലും സമീപ ഗ്രാമങ്ങളിലും ഈ കുഞ്ഞാട് ഇപ്പോൾ ചർച്ചാ വിഷയമാണ്.
ആട്ടിൻകുട്ടിയുടെ ശരീരത്തിലെ അക്കങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് തനിക്കറിയില്ലെന്ന് ഇടയനായ രാജു സിംഗ് പറഞ്ഞു. മുസ്ലീം സമുദായത്തിലെ ചിലരുമായി കൂടിയാലോചിച്ചപ്പോഴാണ് ആടിന്റെ ശരീരത്തിൽ എഴുതിയിരിക്കുന്നത് '786' ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്.
മുസ്ലിംകൾ ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് എഴുതുന്നതിനു പകരം 786 ഉപയോഗിക്കാറുണ്ട്. ഈ സംഖ്യ ആടിന്റെ ശരീരത്തിൽ ഉർദുവിൽ എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്.
മുസ്ലീംകൾ ഇതിനു പ്രത്യേകത കാണുന്നുണ്ടെങ്കിലും ഈ ആട് തനിക്ക് വളരെ പ്രിയപ്പെട്ടതായതിനാലാണ് വിൽക്കാത്തതെന്ന് സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ആൺ കുഞ്ഞാട് ജനിച്ചത്. ഇപ്പോൾ ആളുകൾ അതിനായി ലേലം വിളിക്കുകയാണ്. ആട്ടിൻകുട്ടിക്ക് ആളുകൾ 70 ലക്ഷം രൂപയും അതിൽ കൂടുതലും വാഗ്ദാനം ചെയ്യുന്നു. പക്ഷേ അത് വിൽക്കാൻ ഞാൻ തയ്യാറല്ല- ഇടയൻ പറഞ്ഞു.
വൻ തുക ലേലം വിളിച്ചത് മുതൽ ആട്ടിൻകുട്ടിക്ക് പ്രത്യേക പരിചരണം ലഭിക്കുന്നുണ്ട്. മാതളനാരകവും പപ്പായയും മികച്ച പച്ചക്കറികളുമാണ് ഭക്ഷണമായി നൽകുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ ആട്ടിൻകുട്ടിയെ വീടിനുള്ളിലാണ് പാർപ്പിക്കുന്നതെന്നും സിംഗ് പറഞ്ഞു.