ശ്രീനഗര്‍-ചരിത്ര പ്രസിദ്ധമായ ശ്രീനഗറിലെ ഈദ്ഗാഹില്‍ നാളെ പെരുന്നാള്‍ നമസ്‌കാരം അനുവദിക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ പരമ്പരാഗതമായി ഏറ്റവും വലിയ ഈദ്ഗാഹ് സംഘടിപ്പിച്ചുപൊരുന്ന ജുമാമസ്ജിദ് അന്‍ജുമന്‍ ഔഖാഫാണ് ഇക്കാര്യം അറിയിച്ചത്.
ഈദ്ഗാഹില്‍ ഒരു തരത്തിലും സമൂഹ നമസ്‌കാരം അനവദിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ശ്രീനഗര്‍ സെന്‍ട്രല്‍ ഈദ്ഗാഹില്‍ ഈദുല്‍അദ്ഹ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ ഔഖാഫിനെ അറിയിച്ചുവെന്നും ജില്ലാ ഭരണകൂടമാണ് തീരുമാനം അറിയിച്ചതെന്നും ഔഖാഫിന്റെ വക്താവ് പറഞ്ഞു.
അതേസമയം, ഔഖാഫിന്റെ പ്രസ്താവന ജില്ലാ ഭരണകൂടം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. പതിറ്റാണ്ടുകളായി പ്രാദേശിക രാഷ്ട്രീയക്കാരുടെ സംഗമ വേദി കൂടിയാകാറുള്ള ഈദ്ഗാഹില്‍ നാളെ രാവിലെ ഈദ് പ്രാര്‍ത്ഥന സംഘടിപ്പിക്കാന്‍ ഔഖാഫ് പദ്ധതിയിട്ടിരുന്നു. 1990 കളില്‍ പ്രക്ഷോഭവും തിവ്രവാദവും ശക്തമായതിനു ശേഷം, യാസിന്‍ മാലിക്, ഷബീര്‍ ഷാ, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കള്‍ വേദിയില്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. മുന്‍കാലങ്ങളില്‍ വലിയ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങള്‍ക്കും ഈദ് ഗാഹ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പലപ്പോഴും വിശ്വാസികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.
നൂറ്റാണ്ടുകളായി തുടരുന്ന ഈദ്ഗാഹിലെ പ്രാര്‍ത്ഥന ഒഴിവാക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും താഴ്‌വരയിലെയും പുറത്തെയും ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ വികാരങ്ങളെ ഇത് വ്രണപ്പെടുത്തുമെന്നും ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ മോശമായി പ്രതിഫലിപ്പിക്കുമെന്നും കശ്മീര്‍ ഔഖാഫ് പറഞ്ഞു.