ന്യൂദല്‍ഹി- മാംസാഹാരം കഴിക്കുന്നവരെ പരോക്ഷമായി തോണ്ടിയും വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രശംസിച്ചുമുള്ള ട്വിറ്റര്‍ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അഭിഭാഷകയായ സുബുഹി ഖാനാണ് തന്റെ സസ്യാഹാരത്തിന്റെ ചിത്രത്തോടൊപ്പം വിവേക ശൂന്യമായ പരാമര്‍ശം നടത്തി വിമര്‍ശനം ഏറ്റുവാങ്ങിയത്.
ഒരു സസ്യഭുക്കായതില്‍ അഭിമാനിക്കുന്നു. എന്റെ പ്ലേറ്റ് കണ്ണുനീര്‍, പരിഭ്രാന്തി, കുറ്റബോധം, ഉത്കണ്ഠ, ഭയം എന്നിവയില്‍ നിന്ന് മുക്തമാണ്, ഇതായിരുന്നു അരിയും പരിപ്പും പച്ച സബ്ജിയും ഉള്‍പ്പെടുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ്.
പച്ചക്കറികളും പയറുവര്‍ഗങ്ങളും കഴിക്കുന്നത് ആരോഗ്യകരമാണെന്ന് സസ്യാഹാരികള്‍ ആവര്‍ത്തിച്ചപ്പോള്‍ മാംസാഹാരം കഴിക്കുന്നവര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ലക്ഷക്കണക്കിനാളുകളാണ് പോസ്റ്റ് കാണുകയും കമന്റ് ചെയ്യുകയും ചെയ്തത്.
നോണ്‍വെജിറ്റേറിയന്‍ ആയതില്‍ അഭിമാനിക്കുന്നുവെന്ന് ധാരാളം ഉപയോക്താക്കള്‍ കമന്റ് ചെയ്തു. 'അപ്പോള്‍ നിങ്ങളുടെ യുക്തിയനുസരിച്ച്, ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ജീവനില്ലേ? ചതച്ച് പാകം ചെയ്തതിന് ശേഷമല്ലേ നിങ്ങള്‍ കഴിക്കുന്നത്? നിങ്ങള്‍ക്ക് വെജ് കഴിക്കണം, പക്ഷേ യുക്തിരഹിതമായ ന്യായങ്ങള്‍ നല്‍കരുത്-ഒരു ഉപയോക്താവ് കുറിച്ചു.