- യാത്ര പാടില്ലെന്ന് ഡോക്ടർമാർ
കൊച്ചി - പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില ആശങ്കയിലെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞിട്ടുണ്ട്. ക്രിയാറ്റിൻ നില കൂടി പത്തിന് മുകളിലായി. രക്തസമ്മർദം ഉയരുന്നതും വെല്ലുവിളിയാണെന്ന് കുടുംബം അറിയിച്ചു.
ഇതോടെ കൊല്ലത്തെ വീട്ടിലേക്കുള്ള മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യത്തിൽ യാത്ര പാടില്ലെന്നാണ് ഡോക്ടർമാരുടെ നിർദേശം. പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനയിലാണെന്ന് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ജാമ്യത്തിൽ ഇളവു നേടി തിങ്കളാഴ്ച വൈകീട്ടാണ് മഅ്ദനി ബംഗ്ലൂരുവിൽനിന്ന് കൊച്ചിയിലെത്തിയത്. വീട്ടിലേക്കുള്ള യാ്ത്രയ്ക്കിടെ ആംബുലൻസിൽ വെച്ച് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട് ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്നും പ്രായമായ ഉപ്പയെ നേരിൽ കാണാനും ഉമ്മയുടെ ഖബറിടത്തിലെത്തി പ്രാർത്ഥിക്കാനുമാണ് യാത്രയെന്ന് നാട്ടിലേക്ക് തിരിക്കും മുമ്പ് മഅ്ദനി മാധ്യമങ്ങളോട് പ്രതികരിച്ചു. 12 ദിവസത്തിനകം ബെംഗ്ലൂരുവിലേക്ക് മടങ്ങിയെത്തുംവിധമാണ് യാത്ര ക്രമീകരിച്ചതെങ്കിലും വീട്ടിലെത്തും മുമ്പേ തന്നെ അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ട സ്ഥിതിയാണുണ്ടായത്. അതിനിടെ, മഅ്ദനിയുടെ ചികിത്സ സർക്കാർ ഗൗരവത്തോടെ കാണണമെന്ന് പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടു.