ന്യൂദല്‍ഹി - ഏക സിവില്‍ കോഡ് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും ഇതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. ഇത് സംബന്ധിച്ച് നിയമ കമ്മീഷന് മുന്നില്‍ ശക്തമായ എതിര്‍പ്പറിയിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്ന് ഭോപ്പാലില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചന നല്‍കിയതോടെ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് അടിയന്തര യോഗം ചേരുകയായിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ ചോദിച്ചിരുന്നു. ഭരണഘടന തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.