മിന-ജീവിതത്തിൽ ശേഷിച്ച ഒരേയൊരു ആഗ്രഹമാണ് സൽമാൻ രാജാവിന്റെ കാരുണ്യത്താൽ സഫലമായതെന്ന് രോഗം കാരണം ഇരു കാലുകളും മുറിച്ചുമാറ്റി വീൽചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ജോർദാനി തീർഥാടകൻ ഉമർ മഹ്മൂദ് അൽമശാഇറ പറഞ്ഞു. രോഗങ്ങൾ തന്നെ തളർത്തി. നിരാശ മനസ്സിൽ പിടിമുറുക്കാൻ തുടങ്ങി. ഇരുകാലുകളും മുറിച്ചുമാറ്റിയതിനാൽ എങ്ങനെ ഹജ് കർമം നിർവഹിക്കുമെന്ന ചിന്തയായിരുന്നു എക്കാലത്തും.
ഹജിനുള്ള സാമ്പത്തിക ചെലവുകൾ കണ്ടെത്താൻ സാധിക്കാത്തതും മാനസിക പ്രയാസം സൃഷ്ടിച്ചു. കാലുകൾ മുറിച്ചുമാറ്റി വീടിന്റെ ചുമരുകൾക്കുള്ളിൽ വീൽചെയറിൽ ജീവിതം തളച്ചിട്ടതോടെ ഇഹലോകത്തെ മുഴുവൻ ആഗ്രഹങ്ങളും താൻ ഉപേക്ഷിച്ചു. ഹജ് കർമം നിർവഹിക്കണമെന്ന ഒരേയൊരു ആഗ്രഹം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിക്കുമെന്ന് ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല. ഹജ് അവസരം ആശങ്കകളെ മായ്ച്ചുകളയുകയും ദുഃഖങ്ങൾക്ക് പകരം സന്തോഷവും ആഹ്ലാദവും നൽകുകയും ചെയ്തു.
അസുഖം മൂലം മുട്ടിന്റെ ഭാഗത്തു നിന്ന് ഇരുകാലുകളും മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. സൗദിയിലെത്തിയ തനിക്ക് ഏറ്റവും മികച്ച സ്വീകരണമാണ് ലഭിച്ചത്. പുണ്യഭൂമിയിലെ യാത്രകൾക്കിടയിൽ മരുന്നുകൾ അടക്കം തന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റപ്പെടുകയും ആരോഗ്യ പരിചരണം ലഭിക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും ഇരുപത്തിനാലു മണിക്കൂറും തന്റെ കാര്യങ്ങൾ ആരാഞ്ഞ് ആവശ്യമായ സഹായങ്ങളും സേവനങ്ങളും നൽകുന്നതായും ഉമർ മഹ്മൂദ് അൽമശാഇറ പറഞ്ഞു.