Sorry, you need to enable JavaScript to visit this website.

ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല, കരിപ്പൂര്‍ റണ്‍വേ നീളം കുറക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂദല്‍ഹി- കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ കത്ത്. 2023 ഓഗസ്റ്റ് ഒന്നിന് മുമ്പ് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയക്ക് ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാന്‍ 14.5 ഏക്കര്‍ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. ഇതിനായി ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് 2022 മാര്‍ച്ച് മുതല്‍ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് 2022 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇതിനുള്ള നടപടികള്‍ മുന്നോട്ടുനീങ്ങിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു. നടപടികള്‍ വൈകുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.
നേരത്തെ കരിപ്പൂരില്‍ വിമാനാപകടമുണ്ടായപ്പോള്‍ അപകടത്തിന്റെ തീവ്രത വര്‍ധിക്കാനുള്ള കാരണമായി പറഞ്ഞിരുന്നത് റണ്‍വേ സേഫ്റ്റി ഏരിയയുടെ നീളക്കുറവാണ്. ഇത് പരിഹരിക്കണമെന്ന് അപകടം അന്വേഷിച്ച സമിതി തന്നെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

 

 

Latest News