ഭോപ്പാൽ- മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് സർവേ. എബിപി-സിവോട്ടർ ( ABP-CVoter ) അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ 25 ശതമാനം പേർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്.
സംസ്ഥാനത്തെ 230 അസംബ്ലി സീറ്റുകളിലായി മെയ് 26 മുതൽ ജൂൺ 26 വരെ 17,113 പേരിൽനിന്നാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. രാഹുൽ ഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് 25.3 ശതമാനം പേർ കരുതുന്നത്. തൊട്ടുപിന്നാലെ 24.9 ശതമാനം പേർ രാഹുൽ ഗാന്ധിയുടെ സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് 13.1 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 36.7 ശതമാനം ആളുകൾക്ക് ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നാണ് പ്രതികരിച്ചത്. ബി.ജെ.പി അനുഭാവികളിൽ 18 ശതമാനം പേർ രാഹുൽ ഗാന്ധി കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ്. പ്രിയങ്ക ഗാന്ധി ഗുണം ചെയ്യുമെന്ന് 15.9 ശതമാനം പേർ അഭിപ്രായപ്പെട്ടതായും സർവേ വ്യക്തമാക്കുന്നു.
അതുപോലെ, കോൺഗ്രസ് അനുഭാവികളിൽ 36.3 ശതമാനം പേർ പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് കരുതുന്നു, തുടർന്ന് 33 ശതമാനം പേരാണ് രാഹുൽ ഗാന്ധിക്ക് അനുകൂലം. 12.4 ശതമാനം കോൺഗ്രസ് അനുഭാവികൾ ഖാർഗെ കൂടുതൽ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുമ്പോൾ, 18.2 ശതമാനം പേർ അഭിപ്രായം പറയാൻ കഴിയില്ലെന്ന് പ്രതികരിച്ചു.