മിന - ഹജ് തീർഥാടകർക്ക് ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നൽകുന്നതിൽ മുഴുകിയിരിക്കുകയാണ് സൗദി ഡോക്ടറായ ഹാശിം നിയാസും മകൾ ഡോ. അഫ്‌നാൻ ഹാശിമും. ഇരുവരും മിനായിലെ പ്രതിരോധ മന്ത്രാലയ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. താൻ ദീർഘ വർഷങ്ങളായി ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ. ഹാശിം നിയാസ് പറഞ്ഞു. ആദ്യമായി ഹജ് സേവന മേഖലയിൽ പ്രവർത്തിച്ചത് 1985 ൽ ആയിരുന്നു.
രണ്ടു വർഷം മുമ്പാണ് ഹജ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കാൻ മകൾ ആദ്യമായി അപേക്ഷ നൽകിയത്. എന്നാൽ ആ വർഷം മകളെ ഭാഗ്യം തുണച്ചില്ല. ഈ വർഷം ഹജ് സേവന മേഖലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മകൾ വലിയ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു. മകളും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതിൽ താൻ അഭിമാനിക്കുന്നതായും ഡോ. ഹിശാം നിയാസ് പറഞ്ഞു.
ഒരേ ആശുപത്രിയിൽ പിതാവിനൊപ്പം ഹജ് സേവന മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്നത് മനോഹരമായ വികാരമാണ് നൽകുന്നതെന്ന് ദന്തഡോക്ടറായ അഫ്‌നാൻ ഹാശിം പറഞ്ഞു. പിതാവ് സേവനമനുഷ്ഠിക്കുന്ന അതേ ആശുപത്രിയിൽ ഹാജിമാർക്ക് സേവനം നൽകാൻ താനും ഒപ്പം പോരുന്നുണ്ടെന്ന് അറിയിച്ചത് കേട്ട് ഉപ്പ ഏറെ സന്തോഷിച്ചതായി ഡോ. അഫ്‌നാൻ പറഞ്ഞു. ഡ്യൂട്ടി സമയത്തും ജോലി സ്ഥലത്തും പിതാവ് ഒപ്പമുള്ളത് കാര്യങ്ങൾ ഏറെ എളുപ്പമാക്കി. ക്ലിനിക്കിൽ തീർഥാടകരുമായും രോഗികളുമായും ഇടപഴകുമ്പോഴും അവരുമായി ആശയവിനിമം നടത്തുമ്പോഴും നേരിടുന്ന സമ്മർദങ്ങൾ പൂർണ സന്തോഷത്തോടെ സഹിക്കുകയാണെന്നും ഡോ. അഫ്‌നാൻ പറഞ്ഞു.