മിന - മിനായിൽ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് സജ്ജീകരിച്ച ഹജ് സുരക്ഷാ കമാൻഡ് ആന്റ് കൺട്രോൾ സെന്റർ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ് ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിച്ചു. ഹജ് സുരക്ഷാ പദ്ധതി നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ, ഹാജിമാരെ മിനായിലെത്തിക്കൽ എന്നിവ മന്ത്രി വീക്ഷിച്ചു. ഹജ് സുരക്ഷാ പദ്ധതി നടപ്പാക്കൽ ഘട്ടങ്ങളെ കുറിച്ച് പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറൽ മുഹമ്മദ് അൽബസ്സാമി ആഭ്യന്തര മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു. ഹജ് കർമത്തിനിടെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും ജംറയിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ തങ്ങളുടെ ദൗത്യങ്ങൾ നിർവഹിക്കുന്നതിൽ സുരക്ഷാ സൈനികരെ സഹായിക്കാൻ സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായും പൊതുസുരക്ഷാ വകുപ്പുമായും സഹകരിച്ച് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ മന്ത്രി വീക്ഷിച്ചു. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രസിഡന്റ് ഡോ. അബ് ദുല്ല അൽഗാംദി, ആഭ്യന്തര സഹമന്ത്രി ജനറൽ സഈദ് അൽഖഹ്ത്താനി, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, സുരക്ഷാ കാര്യങ്ങൾക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന എന്നിവർ മന്ത്രിയെ അനുഗമിച്ചു.