കൊച്ചി- പള്ളിമേടയിലിരുന്ന് യുവാക്കള്‍ക്കൊപ്പം മദ്യപിച്ച് മയങ്ങിപ്പോയ വികാരിയേയും മൂന്നു യുവാക്കളേയും വിശ്വാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പള്ളുരുത്തിക്ക് സമീപം കണ്ണമാലി കുതിരക്കൂര്‍കരി ഫാത്തിമ മാതാ പള്ളിയിലാണ് സംഭവം.
വികാരി ഫാ. അഗസ്റ്റിന് നെല്ലിക്കാവേലിയാണ് നാട്ടുകാരുടെ പിടിയിലായത്. ഞായറാഴ്ച കുര്‍ബാന ചൊല്ലാന്‍ വികാരി എത്തിയിരുന്നില്ല. തുടര്‍ന്ന് വിശ്വാസികള്‍ നടത്തിയ അന്വേഷണത്തില്‍ മദ്യലഹരിയില്‍ പള്ളിമേടയില്‍ മൂന്ന് യുവാക്കളും വികാരിയും കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. അതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഏഴരയോടെ പള്ളിയിലെത്തിയ വിശ്വാസികളോട് തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് വികാരി കുര്‍ബാന ഒഴിവാക്കിയിരുന്നത്രെ. മാത്രമല്ല ഇടവകയില്‍ നടന്ന മറ്റൊരു ചടങ്ങിലും വികാരി പങ്കെടുത്തില്ല. കൂടാതെ പള്ളിമേടയുടെ വാതില്‍ അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ വിശ്വാസികള്‍ക്ക് സംശയമുണ്ടാവുകയും തുടര്‍ന്ന് അകത്ത് കയറി നോക്കുകയുമായിരുന്നു. അപ്പോഴാണ് മദ്യപിച്ച് കിടക്കുന്ന വികാരിയെ കണ്ടെത്തിയത്.
കണ്ണമാലി പോലിസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി.