ന്യൂദൽഹി- ഏകീകൃത സിവിൽ കോഡിന് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനെ രൂക്ഷമായി ചോദ്യം ചെയ്ത് കോൺഗ്രസും സഖ്യകക്ഷിയായ ഡി.എം.കെയും. ഇക്കാര്യത്തിൽ മോഡിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഏക സിവിൽ കോഡ് ആദ്യം ഹിന്ദുക്കളിൽ നടപ്പാക്കണമെന്നും എല്ലാ ജാതിയിലുമുള്ള ആളുകളെയും ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.
'ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതിവർഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താൻ അനുവദിക്കണം. ഭരണഘടന അനുവദിച്ചതുകൊണ്ട് മാത്രം ഞങ്ങൾക്ക് ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന് ഡി.എം.കെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചാണ് മോഡി ആദ്യം ഉത്തരം പറയേണ്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ അദ്ദേഹം ഒരിക്കലും സംസാരിക്കാറില്ല. സംസ്ഥാനമാകെ കത്തുകയാണ്. ഈ പ്രശ്‌നങ്ങളിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.