ന്യൂദല്‍ഹി- കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എഴുപതിനായിരത്തോളം ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തതായി വിവരാവകാശ മറുപടി. 2011 മുതല്‍ 2022വരെ ഗോവ, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 69,303 ഇന്ത്യക്കാരാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തത്. രാജ്യത്തെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലാണ് പൗരത്വം ഉപേക്ഷിക്കുന്നവര്‍ പാസ്പാര്‍ട്ട് സറണ്ടര്‍ ചെയ്യുന്നത്.
2022 വരെ സറണ്ടര്‍ ചെയ്ത 69,303 പാസ്‌പോര്‍ട്ടുകളില്‍ 40.45 ശതമാനവും ഗോവയിലെ പാസ്‌പോര്‍ട്ട് ഓഫീസിലാണ് തിരികെ ഏല്‍പിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ(indian express) വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം നല്‍കിയ ഡാറ്റ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത്. 2012ലും 2013ലും ഗുജറാത്ത് ആയിരുന്നു ഈ സ്ഥാനത്ത്. 2014ല്‍ ഗോവ റീജ്യണല്‍ പാസ്‌പോര്‍ട്ടില്‍ സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ടുകള്‍ രാജ്യത്തുടനീളം സറണ്ടര്‍ ചെയ്തതിന്റെ 90 ശതമാനത്തിലധികം വരും.
1961ന് മുമ്പ് ഗോവയില്‍ ജനിച്ചവര്‍ക്ക് പോര്‍ച്ചുഗീസ് പൗരന്മാരായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉടമയ്ക്ക് യുകെയും യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും വിസ രഹിത പ്രവേശനം നല്‍കുകയും ചെയ്യുന്നു. 1986 മുതല്‍ പോര്‍ച്ചുഗല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്.
2011 മുതല്‍ ആര്‍പിഒകളില്‍ സറണ്ടര്‍ ചെയ്ത 69,303 പാസ്‌പോര്‍ട്ടുകള്‍ ഈ കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരില്‍ ഒരു ഭാഗം മാത്രമാണ്. 2011 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 വരെ 16.21 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം നിരാകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി കഴിഞ്ഞ് മാര്‍ച്ച് 24 ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ചിരിക്കുന്ന വിവരങ്ങളില്‍ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ടുകളുടെ എണ്ണം മാത്രമേയുള്ളൂ. വിദേശത്തുള്ള ഇന്ത്യന്‍ എംബസികളിലും ഹൈക്കമ്മീഷനുകളിലും സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടില്ല.
1955 ലെ ഇന്ത്യന്‍ പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം അനുവദനീയമല്ല. ഒരു വ്യക്തി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുകയും മറ്റൊരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് നേടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടനടി സറണ്ടര്‍ ചെയ്യണം.
69,303 പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്തതില്‍, ഗോവയിലാണ് ഏറ്റവും കൂടുതല്‍- 28,031, അതായത് 40.45 ശതമാനം. തൊട്ടുപിന്നാലെ പഞ്ചാബാണ് (കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് ഉള്‍പ്പെടെ) 9,557 പാസ്‌പോര്‍ട്ടുകള്‍ (13.79 ശതമാനം) അമൃത്‌സറിലെയും ചണ്ഡീഗഡിലെയും പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.
2011 നും 2022 നും ഇടയില്‍ അഹമ്മദാബാദിലെയും സൂറത്തിലെയും ഓഫീസുകളില്‍ 8,918 പാസ്‌പോര്‍ട്ടുകള്‍ (12.87 ശതമാനം) സറണ്ടര്‍ ചെയ്ത ഗുജറാത്ത് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയില്‍ 6,545 പാസ്‌പോര്‍ട്ടുകള്‍ (9.44 ശതമാനം) നാഗ്പൂര്‍, പൂനെ, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ സറണ്ടര്‍ ചെയ്തു.കേരളത്തില്‍ 3,650 പേരും തമിഴ്‌നാട്ടില്‍ 2,946 പേരും പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്തു.
2011 മുതല്‍ ഓരോ മാസവും ശരാശരി 11,422 ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതായാണ് വിദേശമന്ത്രാലയം ലോക്‌സഭയില്‍ അവതരിപ്പിച്ച ഡാറ്റയില്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയിലുടനീളമുള്ള റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ഓരോ മാസവും ശരാശരി 482 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യപ്പെട്ടു. 2011ല്‍ 239 പാസ്‌പോര്‍ട്ടുകള്‍ മാത്രമാണ് സറണ്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷം 2012ല്‍ 11,492ഉം 2013ല്‍ 23,511 ഉം പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്തു.