ഭോപ്പാല്‍ - ഏക സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നും സുപ്രീം കോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പ്രധാനമന്ത്രി നേരന്ദ്ര മോഡി. ഭോപ്പാലില്‍ സംഘടിപ്പിച്ച റാലിയിലാണ് രാജ്യത്ത് ഏക സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് മോഡി പ്രസംഗിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്‌ലീം പെണ്‍കുട്ടികളോട് അനീതി ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുത്താലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു, ഇസ്ലാമിക രാജ്യങ്ങള്‍പോലും മുത്തലാഖിന് എതിരാണ്, മുസ്‌ലീം സ്ത്രീകള്‍ തനിക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത നിയമങ്ങളുമായി രാജ്യത്തിന് മുന്നോട്ട് പോകാനാകുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്ലിം സമുദായം തിരിച്ചറിയണമെന്നും പ്രതിപക്ഷം വോട്ടുബാങ്കിന് വേണ്ടി മുസ്ലിം സ്ത്രീകളോട് അനീതി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോഡി പറഞ്ഞു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലെ തെരഞ്ഞെടുപ്പിലും ബി ജെ പി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു. എല്ലാവരുടെയും വികസനമാണ് ബി ജെ പി സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.