ബാങ്കോക്ക്- വടക്കന്‍ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കൗമാര ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളില്‍ ശേഷിക്കുന്ന നാലു കുട്ടികളേയും അവരുടെ ഫുട്‌ബോള്‍ കോച്ചിനേയും ചൊവ്വാഴ്ച തന്നെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. എട്ടു കുട്ടികളെ കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ശേഷിക്കുന്നവരെ ഒരുമിച്ച് പുറത്തെത്തിക്കാനാണു ശ്രമം. എല്ലാ വിധ സന്നാഹങ്ങളും സജ്ജീകരണങ്ങളും ഉണ്ടെങ്കിലും കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങാകുമോ എന്ന ആശങ്കയുമുണ്ട്. മഴ നിര്‍ത്താതെ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
രക്ഷപ്പെടുത്തി പുറത്തെത്തിച്ച എട്ടു കുട്ടികളും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് തായ് അധികൃതര്‍ അറിയിച്ചു. ശാരീരികമായും മാനസികമായും ഒരു ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്കില്ല. രണ്ടു പേര്‍ക്ക് ന്യൂമോണിയ ബാധ കണ്ടെത്തിയിരുന്നു. ഇവരെ ചികിത്സിച്ചു സുഖപ്പെടുത്തി. ഇപ്പോള്‍ ആര്‍ക്കും ആരോഗ്യ പ്രശ്‌നമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി അറിയിച്ചു. ഷിയാങ് റായിലെ ആശുപത്രിയിലാണ് കുട്ടികള്‍ ഉള്ളത്. വളരെ സന്തോഷവാന്‍മാരായ കുട്ടികള്‍ ചോക്ലേറ്റ് വേണമെന്ന് ആവശ്യപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.
ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടികളെ നേരിട്ടു കാണാന്‍ മാതാപിതാക്കളെ അനുവദിച്ചിട്ടില്ല. ഗ്ലാസിനുള്ളിലൂടെ കാണാന്‍ മാത്രമെ അനുവദിച്ചിട്ടുള്ളൂ. വിവിധ പരിശോധനകള്‍ നടത്തി അണുബാധയ്ക്കുള്ള സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കിയ ശേഷമെ ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിടൂ.